04:29pm 12 October 2026
NEWS
മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
12/10/2026  02:29 PM IST
nila
 മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

ജയ്പുർ: രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു. ഭരത്പുരിലെ ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് മുൻ എംഎൽഎ അതർ സിങ് ഭദാനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഖനനവുമായി ബന്ധപ്പെട്ട തർക്കം അക്രമാസക്തമായതോടെയാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്. ലാത്തികൊണ്ടുള്ള മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹം രാത്രിയോടെ മരിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും പരുക്കേറ്റു.

ഭോണ്ട ഗ്രാമത്തിൽ അതർ സിങ് ഭദാന നടത്തിയിരുന്ന ക്രഷർ യൂണിറ്റുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സ്ഥലമെടുത്ത് ഖനനം നടത്തിയിരുന്നത് ഭാര്യയുടെ പേരിലുള്ള ബിസിനസിലൂടെയായിരുന്നു. ഖനനത്തിനെതിരെ ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ നാട്ടുകാർ കഴിഞ്ഞ രണ്ടുവർഷമായി പ്രതിഷേധം നടത്തിവരികയായിരുന്നു.

ഖനന മേഖലയിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളിലൂടെയാണെന്നായിരുന്നു ഗ്രാമവാസികളുടെ പ്രധാന ആരോപണം. ഇതിന്റെ ഭാഗമായി പലതവണ ധർണകളും റോഡ് ഉപരോധങ്ങളും നടത്തിയിരുന്നു. എന്നാൽ, കോടതിയിൽനിന്ന് അനുമതി നേടിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു.

ഇതിനു പിന്നാലെയാണ് ഞായറാഴ്ച വൈകുന്നേരം അതർ സിങ് ഭദാന ഭോണ്ട ഗ്രാമത്തിലെത്തിയത്. ഈ സമയത്ത് ഒത്തുകൂടിയ ഗ്രാമവാസികൾ അദ്ദേഹത്തെ ലാത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭദാനയെ ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജയ്പുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ അംഗരക്ഷകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003-ൽ രാജസ്ഥാനിലെ ബയാന നിയമസഭാ മണ്ഡലത്തിൽനിന്നാണ് ബിജെപി സ്ഥാനാർഥിയായി വിജയിച്ചത്. 2008 വരെ അദ്ദേഹം എംഎൽഎയായി പ്രവർത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img